ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രധിഷേധ പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് വിടിനുസമീപത്തെ റോഡരികിൽ തടഞ്ഞു. ഇത് നേരിയ ഉന്തിലും തള്ളിലും കലാശിച്ചു.
ഇതിനിടെ ഡോക്ടറുടെ വീടിനുസമീപത്തെ സ്കാനിംഗ് സെന്ററിന്റെ ബോർഡും പ്രവർത്തകർ വലിച്ചുകീറി. മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് വിധേയായ പുന്നപ്ര സ്വദേശി ഉഷ ജോസഫിൽനിന്ന് കൈക്കൂലി വാങ്ങിയ ഡോ. ലളിതാംബിക പ്രധാനകുറ്റവാളിയാണെന്നും ഉപകരണം വയറ്റിൽ 50 കൊല്ലം കിടന്നാലും ഒന്നുംസംഭവിക്കില്ലെന്ന് പറഞ്ഞ് ലോകനിലവാരത്തിലുള്ള കേരളത്തിലെ ആരോഗ്യമേഖലയെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.